ആദായ നികുതി കണക്കാക്കുന്ന വിധം
1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)
നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.
  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക
സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.

2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.

3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)
മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.
ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 1,50,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)
Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1 ലക്ഷം രൂപ വരെ കുറവ് ചെയ്യാം.

80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍
  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ  Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും
80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.

80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
മുകളില്‍ നല്‍കിയ മൂന്ന് വകുപ്പുകള്‍ പ്രകാരമുള്ള 1 ലക്ഷം രൂപയുടെ കിഴിവുകള്‍ കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.

80. സി.സി.ജിഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും  കിഴിവായി അനുവദിക്ക. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി

80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)

80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ടട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും  ഫോം 10-യും താഴെ നിന്ന് ൗണ്‍ലോഡ് ചെയ്യാം. Guidelines for Deduction u/s 80 DDB Form 10-I  

80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശ.

80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.

80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.

80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.
മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്.